2014, ഫെബ്രുവരി 22, ശനിയാഴ്‌ച

സാക്ഷര മലയാളി എങ്ങോട്ട്...!!! --പത്ര വാര്‍ത്തകളിലൂടെ

ആശ്രമം തുറന്ന പുസ്തകം -മാതാ അമൃതാനന്ദമയി 

ആശ്രമം തുറന്ന പുസ്തകം -മാതാ അമൃതാനന്ദമയി
പാലക്കാട്: തന്‍െറ ആശ്രമം തുറന്ന പുസ്തകമാണെന്നും വിചാരിച്ച കാര്യങ്ങള്‍ നടക്കാതെ വന്ന ചിലര്‍ പലതും വിളിച്ച് പറയുന്നത് മറക്കാനും ക്ഷമിക്കാനും ശ്രമിക്കുകയാണെന്നും മാതാ അമൃതാനന്ദമയി. നഗരത്തിലെ പുത്തൂര്‍ മഠത്തോടനുബന്ധിച്ച ബ്രഹ്മസ്ഥാന ക്ഷേത്രത്തിലെ വാര്‍ഷിക ഉത്സവ സമാപനത്തോടനുബന്ധിച്ച് നടത്തിയ പ്രഭാഷണത്തില്‍ പുതിയ വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍.
മുന്‍ അന്തേവാസിനി ഗെയില്‍ ട്രെഡ് വെല്‍ എഴുതിയ പുസ്തകമുണ്ടാക്കിയ വിവാദത്തോട് ആദ്യമായാണ് അമൃതാനന്ദമയി പ്രതികരിച്ചത്. പലരും പലതും പറയുന്നുണ്ട്. വിചാരിച്ച കാര്യങ്ങള്‍ നടക്കാത്തവരാണ് അവര്‍. ആശ്രമം എല്ലാ വര്‍ഷവും കൃത്യമായി കണക്കുകള്‍ ബോധിപ്പിക്കുന്നുണ്ട്. മക്കളുടെ ത്യാഗവും സമര്‍പ്പണ മനോഭാവവും മൂലമാണ് മഠത്തിന് സാമൂഹികസേവന രംഗത്ത് പലതും ചെയ്യാന്‍ കഴിയുന്നത്. ഏറെ പ്രയത്നിച്ചാണ് എല്ലാവരും സേവ ചെയ്യുന്നത്. മുറിയില്‍ ഇരുന്ന് ഉറങ്ങുന്നവരല്ല അവര്‍. ഒരുകാലത്ത് താന്‍ സിമന്‍റ് കട്ടയും മറ്റും ചുമന്നിട്ടുണ്ടെന്ന് അവര്‍ വ്യക്തമാക്കി.
ചിലര്‍ക്ക് കാഴ്ചയുണ്ട്. എന്നാല്‍, കാഴ്ചപ്പാടില്ല. ചിലര്‍ എപ്പോഴും വാദിച്ചുകൊണ്ടിരിക്കും. അവര്‍ ഒന്നും ചെയ്യുന്നില്ല. ആരൊക്കെയോ എന്തൊക്കെയോ പറയുകയും ചെയ്യുകയും ചെയ്ത് മതവികാരം ഇളക്കിവിട്ട് പരസ്പരം ഗുസ്തി പിടിപ്പിക്കാനുള്ള ശ്രമം നടത്തുന്നുണ്ടെന്നും അമൃതാനന്ദമയി കുറ്റപ്പെടുത്തി. ഒരു മണിക്കൂറിലധികം നീണ്ട പ്രഭാഷണ മധ്യേയാണ് പുതിയ വിവാദത്തോട് പ്രതികരിച്ചത്

അമൃതാനന്ദമയിമഠം സമാന്തര ഭരണകൂടമാവുന്നു –സന്ദീപാനന്ദഗിരി  

അമൃതാനന്ദമയിമഠം സമാന്തര ഭരണകൂടമാവുന്നു –സന്ദീപാനന്ദഗിരി
സ്വാമി സന്ദീപാനന്ദഗിരി
കോഴിക്കോട്: സ്വന്തം അമ്മയെ തള്ളേ എന്നു വിളിച്ചിട്ട് ആശ്രമത്തിലെ അമ്മയെ അമ്മേയെന്നു വിളിക്കുന്ന മലയാളിയാണ് മാറേണ്ടതെന്ന് സ്കൂള്‍ ഓഫ് ഭഗവദ്ഗീതയുടെ ആചാര്യന്‍ സ്വാമി സന്ദീപാനന്ദഗിരി.
സമാന്തര ഭരണകൂടവും മതവും വ്യവസ്ഥിതിയും സൃഷ്ടിക്കാനാണ് അമൃതാനന്ദമയിമഠം ശ്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗെയ്ല്‍ ട്രെഡ്വെല്ലിന്‍െറ ആത്മകഥ പൊതുസമൂഹത്തില്‍ ചര്‍ച്ചയായി മാറിയ സാഹചര്യത്തിലാണ് സന്ദീപാനന്ദഗിരി ‘മാധ്യമ’ത്തോട് സംസാരിച്ചത്.
എല്ലാ സന്നദ്ധസംഘടനകളും പ്രകൃതിദുരന്തങ്ങളുണ്ടാവുമ്പോള്‍ പണം പിരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുകയും സര്‍ക്കാര്‍ അതുപയോഗിക്കുകയുമാണ് പതിവ്.
എന്നാല്‍, സൂനാമിയുണ്ടായപ്പോള്‍ അമൃതാനന്ദമയീ മഠം പണം പിരിച്ച് സമാന്തര സര്‍ക്കാറിനെപ്പോലെ കെട്ടിടം പണിയുകയാണ് ചെയ്തത്.
സര്‍വാദരണീയനും ജ്ഞാനിയുമായ സുകുമാര്‍ അഴീക്കോടിനെ കൊല്ലുമെന്ന് മഠം ഭീഷണി മുഴക്കിയിട്ടുണ്ട്.
ചെറിയ വിമര്‍ശനത്തിന്‍്റെ പേരില്‍ എന്നെയും റോഡില്‍വെച്ച് കാണാം എന്നു ഭീഷണിപ്പെടുത്തി. ആശ്രമങ്ങളില്‍ വിറ്റഴിക്കപ്പെടുന്ന കച്ചവടച്ചരക്കല്ല ആത്മീയത.
ആത്മാന്വേഷണം നടത്തേണ്ടത് ഭാരതീയ പാരമ്പര്യഗ്രന്ഥങ്ങളെ അടിസ്ഥാനപ്പെടുത്തിയാണെ ന്നും സന്ദീപാനന്ദഗിരി ചൂണ്ടിക്കാട്ടി. ധരിക്കുന്ന വസ്ത്രവുമായി ബന്ധപ്പെട്ടതല്ല സന്യാസം. ഇതിന്‍െറ ലക്ഷണം ജ്ഞാനമാണ്. ഏതെങ്കിലും നിറമുള്ള വസ്ത്രം ധരിച്ചാലോ തല മുണ്ഡനം ചെയ്താലോ സന്യാസിയാവില്ല. സന്യാസമെന്നാല്‍ അറിവാണ്. ഈശാവാസ്യമിദം സര്‍വം (എല്ലായിടത്തും ഈശ്വര സാന്നിധ്യമുണ്ട്) എന്ന തിരിച്ചറിവാണ്.
ആഗ്രഹത്തോടുകൂടിയുള്ള കര്‍മങ്ങളുടെ ഉപേക്ഷയാണ് സന്യാസം. ഏതൊരാള്‍ക്കും സന്യാസം കൈവരിക്കാം. ഗായത്രി എന്ന വിദേശവനിത ആരാലോ തെറ്റിദ്ധരിപ്പിക്കപ്പെട്ടാവും അവിടെ എത്തപ്പെട്ടത്. ഇന്ത്യന്‍ ആത്മീയത വരിവരിയായി നിന്ന് കെട്ടിപ്പിടിച്ചാല്‍ ലഭിക്കുന്നതല്ല. സമാന്തര മത സമ്പ്രദായത്തെ സൃഷ്ടിക്കുന്നതല്ല. നിലവിലുള്ള ക്ഷേത്രങ്ങളെനിഷേധിച്ച് ബ്രഹ്മ സ്ഥാനങ്ങള്‍ സ്ഥാപിക്കുന്നതുമല്ല. -സന്ദീപാനന്ദഗിരി പറഞ്ഞു.